ചെന്നൈ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ആറുമാസം തുടർച്ചയായി പീഡിപ്പിച്ച 75-കാരൻ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ. നാമക്കൽ ശിശുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയെത്തുടർന്നാണ് രാസിപുരം പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. 12-ഉം 13-ഉം വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. ഇവരെ സർക്കാർ ഹോമിലേക്കു മാറ്റി.

മുത്തുസ്വാമി(75), ശിവ (26), സൂര്യ (23), ഷൺമുഖം (45), മണികണ്ഠൻ (30), സെന്തമിഴ് സെൽവം (31) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ പിടികിട്ടാനുണ്ട്. അമ്മ ജോലിക്ക് പോകുന്ന നേരത്താണ് ഏഴ് പുരുഷന്മാർ മാറിമാറി വന്ന് പീഡിപ്പിച്ചതെന്നും വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും പെൺകുട്ടികൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ച മുത്തുസ്വാമി പെൺകുട്ടികളുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ ബഹളം വെക്കുകയായിരുന്നു. സമീപവാസികൾ എത്തി കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം ശിശുസംരക്ഷണ വകുപ്പിൽ അറിയിച്ചു. പ്രതികളുടെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്തു.