ന്യൂഡൽഹി: രാജ്യത്തെ ഗതാഗത മാർഗങ്ങൾ കുറവുള്ള വിദൂരസ്ഥലങ്ങളിൽ കോവിഡ് വാക്സിനെത്തിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചേക്കും. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഡ്രോൺ വഴി വാക്സിനുകളും മരുന്നുകളും എത്തിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനുവേണ്ടി (ഐ.സി.എം.ആർ.) എച്ച്.എൽ.എൽ. ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡ് താത്പര്യപത്രം ക്ഷണിച്ചു.

ഡ്രോണുകൾ ഉപയോഗിക്കാൻ അനുമതിയുള്ള പ്രദേശങ്ങളിൽ വാക്സിൻ വിതരണത്തിന് അവയെ രംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. കുറഞ്ഞത് 100 മീറ്റർ ഉയരത്തിൽ 35 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഡ്രോണുകളാകും തിരഞ്ഞെടുക്കുക. നാലു കിലോഗ്രാം ഭാരം താങ്ങാനുമുള്ള കഴിവുണ്ടാകണം. പാരച്ച്യൂട്ട് അടിസ്ഥാനമാക്കിയുള്ള സേവനം തിരഞ്ഞെടുക്കില്ലെന്നും എച്ച്.എൽ.എൽ. വ്യക്തമാക്കി.

തിരഞ്ഞെടുക്കുന്നവരുമായുള്ള കരാർ 90 ദിവസം നീണ്ടുനിൽക്കും. ഡ്രോൺ ഓപ്പറേറ്ററുടെ പ്രകടനവും പദ്ധതിയുടെ ആവശ്യകതയും പരിഗണിച്ചാകും കരാർനീട്ടുന്ന കാര്യം തീരുമാനിക്കുകയെന്നും എച്ച്.എൽ.എൽ. കൂട്ടിച്ചേർത്തു.

ഡ്രോൺ ഉപയോഗിച്ച് വാക്സിൻ വിതരണം ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ഐ.സി.എം.ആറിന് നേരത്തേ അനുമതി നൽകിയിരുന്നു. കാൻപുർ ഐ.ഐ.ടി.യുമായി ചേർന്നാണ് ഇതിനെക്കുറിച്ചുള്ള പഠനം ഐ.സി.എം.ആർ. പൂർത്തിയാക്കിയത്.