ജയ്‌പുർ: രാജസ്ഥാനിൽ അശോക് ഗഹ്‌ലോത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരേ ഫോൺചോർത്തൽ വിവാദം വീണ്ടും കൊഴുക്കുന്നു. തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി ചില നിയമസഭാംഗങ്ങൾ പരാതിപ്പെട്ടതായി കോൺഗ്രസ് എം.എൽ.എ. വേദ്പ്രകാശ് സോളങ്കി പറഞ്ഞു. ഗഹ്‌ലോത്തിനെതിരേ വിമതനീക്കം നടത്തിയ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ അടുത്തയാളാണ് സോളങ്കി.

“എൻറെ ഫോൺ ചോർത്തുന്നുണ്ടോയെന്ന കാര്യം അറിയില്ല. തങ്ങളുടെ ഫോൺചോർത്തുന്നതായി ചില എം.എൽ.എ.മാർ പറഞ്ഞിട്ടുണ്ട്. ഇതിൽ സംസ്ഥാന സർക്കാരിനു പങ്കുണ്ടോയെന്ന് അറിയില്ല. പല ഉദ്യോഗസ്ഥരും എം.എൽ.എ.മാരോട് അവരെ കുടുക്കാൻ ശ്രമം നടക്കുന്നതായി പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്” - സോളങ്കി പറഞ്ഞു.

അതിനിടെ കോൺഗ്രസ് അവരുടെ എം.എൽ.എ.മാരെ ഭീഷണിപ്പെടുത്തുന്നെന്നും ആരോപണം ഉന്നയിച്ച എം.എൽ.എ.മാരുടെ പേര് വെളിപ്പെടുത്തണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ജൂലായിലാണ് ഗഹ്‌ലോത്തിനെതിരേ സച്ചിൻ പൈലറ്റും 18 എം.എൽ.എ.മാരും വിമതസ്വരം ഉയർത്തിയത്. മുഖ്യമന്ത്രിയുടെ അനുമതിയോടെ തങ്ങളുടെ ഫോൺസംഭാഷണങ്ങൾ ചോർത്തുന്നുവെന്നതായിരുന്നു നേതാക്കളുടെ പ്രധാന ആരോപണം.