ന്യൂഡൽഹി: ഡൽഹിയിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. റസ്റ്റോറന്റുകൾ, മാളുകൾ, ആഴ്ചച്ചന്തകൾ എന്നിവയ്ക്കാണ് തിങ്കളാഴ്ചമുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകിയത്.

റസ്റ്റോറന്റുകളിൽ പകുതി സീറ്റിൽ ആളെയിരുത്താം. ഓരോ മുനിസിപ്പൽ മേഖലയിലും ഒരു ആഴ്ചച്ചന്തവീതം പ്രവർത്തിക്കാം. മാളുകളും മാർക്കറ്റുകളും പൂർണമായും തുറക്കാം. നേരത്തേ, മാളുകളിലും മാർക്കറ്റുകളിലും ഒന്നിടവിട്ട ദിവസങ്ങളിലാണ് കടകൾക്ക് പ്രവർത്തനാനുമതിയുണ്ടായിരുന്നത്.

അതേസമയം സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, ആഘോഷ പരിപാടികൾ പാടില്ല. സിനിമാ തിയേറ്ററുകൾ, മൾട്ടിപ്ലെക്സുകൾ, നീന്തൽക്കുളം, ജിം, പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ എന്നിവയും തുറക്കില്ല.

ഡൽഹിയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകളെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞദിവസം 255 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമായി കുറയുകയും ചെയ്തു. മരണം 23.