ബറേലി: ഉത്തർപ്രദേശിൽ ആറാംക്ലാസുകാരിയെ വയലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊലയ്ക്കുമുമ്പ് കുട്ടിയെ ബലാത്സംഗം ചെയ്തതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ എട്ടിന് കൃഷിയിടം നോക്കാൻ സ്വന്തം സൈക്കിളിൽപോയതാണ് കുട്ടി. സൈക്കിളും വസ്ത്രവും വീടിന് 800 മീറ്റർ അകലെനിന്ന് വൈകീട്ടു കിട്ടി. തുടർന്ന് തിരച്ചിലിൽ വയലിൽനിന്ന് മൃതദേഹം കണ്ടെടുത്തു. തലയ്ക്ക്‌ പരിക്കുണ്ട്. ബലാത്സംഗംചെയ്തശേഷം, മൂർച്ചയുള്ള ആയുധംകൊണ്ട് കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് പറഞ്ഞു.

അച്ഛൻ മരിച്ചശേഷം പെൺകുട്ടിയാണ് ദിവസവും രാവിലെ വയലിലെ കൃഷി നോക്കാൻ പോകാറെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പരിചയക്കാരാകാം കുറ്റകൃത്യംചെയ്തതെന്ന് എസ്.പി. രാജ്കുമാർ അഗർവാൾ പറഞ്ഞു.