ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് കേന്ദ്രം അനുവദിക്കാനാവില്ലെന്ന് നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻ.ടി.എ.) സുപ്രീംകോടതിയെ അറിയിച്ചു. വിദേശത്തുള്ളവർക്ക് വേണ്ടി ഓൺലൈനിൽ പരീക്ഷ നടത്താനുമാകില്ല. ഗൾഫിലും കേന്ദ്രം അനുവദിക്കണമെന്ന ഹർജിയിലാണ് ഏജൻസി മറുപടി നൽകിയത്.

പരീക്ഷാ നടത്തിപ്പ് എങ്ങനെ വേണമെന്നത് നയപരമായ തീരുമാനമാണ്. അത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് (എം.സി.ഐ.) തീരുമാനിക്കുന്നത്. വിദേശത്ത് പരീക്ഷ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എം.സി.ഐ.യുടെ തീരുമാനം ഏകപക്ഷീയമാണെന്ന് പറയുന്നതിന് അടിസ്ഥാനമില്ല.

ഓൺലൈനായി പരീക്ഷ നടത്താനും സാധ്യമല്ല. കാരണം പേപ്പർ ബുക്ക് ഫോർമാറ്റിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണുള്ളത്. എല്ലായിടത്തും ഒരുപോലെ തന്നെയാകണം പരീക്ഷയെന്നും ഏജൻസി അറിയിച്ചു.

ഗൾഫിൽ സെന്റർ അനുവദിക്കുകയോ കോവിഡ് പ്രശ്നം അവസാനിക്കുന്നതുവരെ പരീക്ഷ മാറ്റിവെക്കുകയോ വേണമെന്നുകാട്ടി ഖത്തറിൽ നിന്നുള്ള വിദ്യാർഥികൾ അഡ്വ. ഹാരിസ് ബീരാൻ വഴി നൽകിയ ഹർജിയിലാണ് ഏജൻസി മറുപടി നൽകിയത്.

ഗൾഫിൽ നാലായിരത്തോളം വിദ്യാർഥികൾക്ക് നീറ്റ് എഴുതാനുണ്ടെന്നും അന്താരാഷ്ട്ര യാത്രയ്ക്ക് വിലക്കുള്ളതിനാൽ അവർക്ക് നാട്ടിലെത്താൻ സാധിക്കില്ലെന്നും ഹർജിയിൽ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ എംബസിയിൽനിന്ന് രേഖകൾ അറ്റസ്റ്റ് ചെയ്ത് ലഭിക്കുന്നതിന് പ്രയാസം നേരിടുന്നതായും അവർ ചൂണ്ടിക്കാട്ടി.

ഇതേ ആവശ്യമുന്നയിച്ച് ഖത്തറിലെ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ നൽകിയ അപേക്ഷ നേരത്തേ കേരള ഹൈക്കോടതി തള്ളിയിരുന്നു.