ന്യൂഡൽഹി: നികുതിദായകരും ഉദ്യോഗസ്ഥരും തമ്മിലുള്ള അനഭിമത മുഖാമുഖങ്ങളും ഇടപെടലുകളും ഇല്ലാതെ ഇടപാടുകൾ നടത്താനാണ് കേന്ദ്രസർക്കാർ ഫെയ്സ്‌ലെസ് അസസ്‌മെന്റും അപ്പീലും കൊണ്ടുവരുന്നത്. അതിന്റെ പ്രവർത്തനരീതി ഇങ്ങനെ:

* നികുതിദായകനെയും നികുതി റിട്ടേൺ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെയും തിരഞ്ഞെടുക്കുക കംപ്യൂട്ടർവഴി.

* ഒരു പ്രദേശത്തുള്ള നികുതിദായകന്റെ റിട്ടേൺ പരിശോധിക്കുന്നത് വേറെ ഏതെങ്കിലും നാട്ടിലുള്ള അറിയപ്പെടാത്ത ഉദ്യോഗസ്ഥനായിരിക്കും.

* ആദായനികുതി വകുപ്പിന്റെ നോട്ടീസ് കേന്ദ്രതലത്തിൽ നൽകുമ്പോൾ അതിന് ഡി.എൻ.ഐ. നമ്പർ (ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ).

* നികുതിദായകൻ ആദായനികുതി ഓഫീസിൽ പോകേണ്ട ആവശ്യമേ വരുന്നില്ല.

* ആദായനികുതി അസസ്‌മെന്റും അതിന്റെ പുനഃപരിശോധനയും നടത്തുന്നത് ഒരുകൂട്ടം ഉദ്യോഗസ്ഥരായിരിക്കും. ഒരു നഗരത്തിലുള്ളവർ നടത്തുന്ന അസസ്‌മെന്റ് പുനഃപരിശോധിക്കുന്നത് വേറെ നഗരത്തിലുള്ള ആളായിരിക്കും.

* വലിയ നികുതിതട്ടിപ്പും കൃത്രിമവും നടക്കുന്ന കേസുകൾ, റെയ്ഡ് നടത്തുന്നതും പ്രധാന്യമുള്ളതുമായ കേസുകൾ, കള്ളപ്പണ നിയമം, ബിനാമി സ്വത്ത് തുടങ്ങിയവയുടെ പരിധിയിൽവരുന്ന കേസുകൾ എന്നിവയ്ക്ക് ഫെയ്‌സ്‌ലെസ് അസസ്‌മെന്റ് ബാധകമാവില്ല.