ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിൽ നേരിട്ട് സമുദ്രമാർഗമുള്ള ചരക്കുകടത്ത് ഉടൻ ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം സുഗമമാക്കാനായി എയർ ട്രാവൽ ബബ്‌ളും ആവിഷ്കരിക്കും. രണ്ടുരാജ്യങ്ങൾക്കിടയിൽ മാത്രമായി വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതിനുണ്ടാക്കുന്ന പ്രത്യേക പാതയാണ് എയർ ട്രാവൽ ബബ്‌ൾ.

തൊഴിൽ, വിനോദസഞ്ചാരം, അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്ക്കായാണ് ഇത് ആരംഭിക്കുന്നത്.

മാലദ്വീപിനെയും മൂന്ന് അയൽപക്ക ദ്വീപുകളെയും ബന്ധിപ്പിക്കുന്ന ഗ്രേറ്റർ മാലെ കണക്ടിവിറ്റി പദ്ധതിക്ക് വായ്പയും സഹായധനവും നൽകാനും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദും തമ്മിൽ വ്യാഴാഴ്ച നടത്തിയ വീഡിയോ ചർച്ചയിൽ ധാരണയായി.

തുറമുഖം, പാലം എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് 10 കോടി ഡോളർ സഹായധനവും 40 കോടി ഡോളർ വായ്പയുമാണ് ഇന്ത്യ നൽകുക. മാലദ്വീപിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ട് ഫെറി സർവീസ് ആരംഭിക്കുന്നകാര്യം 2019-ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവർഷം ഒപ്പിട്ട ധാരണാപത്രപ്രകാരം മാലിയിൽനിന്ന് കൊച്ചിയിലേക്കാണ് ചരക്കെത്തുക.