ന്യൂഡൽഹി: 2ജി കേസിൽ മുൻ ടെലികോം മന്ത്രി എ. രാജ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടതിനെതിരായ അപ്പീലുകൾ വേഗം പരിഗണിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സമാനമായ ആവശ്യമുന്നയിച്ച് സി.ബി.ഐ. നൽകിയ അപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ അപ്പീലുകൾ കെട്ടിക്കിടക്കുകയാണെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടി. കേസിൽ സി.ബി.ഐ.യുടെ വാദം പൂർത്തിയായെങ്കിലും എതിർകക്ഷികളുടെ മറുപടി ബാക്കിയുണ്ട്.

ഉടൻ കേൾക്കണമെന്ന സി.ബി.ഐ.യുടെ അപേക്ഷയെ മുൻ ടെലികോം മന്ത്രി എ. രാജ ഉൾപ്പെടെയുള്ള പ്രതികൾ എതിർത്തിരുന്നു.

2ജി സ്പെക്‌ട്രം വിതരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ എസ്സാർ ഗ്രൂപ്പ് പ്രൊമോട്ടർമാരായ രവി കാന്ത് റൂയിയ, അൻഷുമാൻ റൂയിയ തുടങ്ങി എട്ടുപേരെ വെറുതെവിട്ടതിനെതിരായ അപ്പീലുകളും നേരത്തേ പരിഗണിക്കണമെന്നാണ് സി.ബി.ഐ. ആവശ്യപ്പെട്ടത്.

രണ്ടാം യു.പി.എ. സർക്കാരിനെ കരിനിഴലിലാക്കിയ 2ജി സ്പെക്‌ട്രം കേസിൽ 2017 ഡിസംബർ 21-നാണ് എ. രാജ, ഡി.എം.കെ. എം.പി. കനിമൊഴി തുടങ്ങി 19 പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടത്. 2ജി സ്പെക്‌ട്രം വിതരണത്തിലെ ക്രമക്കേട് വഴി സർക്കാർ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന സി.എ.ജി. റിപ്പോർട്ടാണ് സംഭവത്തെ രാജ്യശ്രദ്ധയിലെത്തിച്ചത്. 2ജി ലൈസൻസ് അനുവദിച്ചതുവഴി ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. കേസ്. ലൈസൻസുകൾ പിന്നീട് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

എ. രാജ, കനിമൊഴി തുടങ്ങിയവർക്കു പുറമേ റിലയൻസ് ടെലികോം, യുണീടെക് വയർലെസ്, ലൂപ് ടെലികോം, ലൂപ് മൊബൈൽ ഇന്ത്യ, എസ്സാർ ടെലി ഹോൾഡിങ് എന്നീ കമ്പനികളും കേസിൽ പ്രതികളായിരുന്നു.