ന്യൂഡൽഹി: ആദായനികുതി പിരിവ് സുതാര്യവും കാര്യക്ഷമവുമാക്കുന്ന സംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഉദ്ഘാടനംചെയ്തു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നികുതിദായകരുടെ അവകാശരേഖയും ‘ഫെയ്‌സ്‌ലെസ് അസസ്‌മെന്റും’ ഇതോടൊപ്പം നിലവിൽവന്നു. ‘ഫെയ്‌സ്‌ലെസ് അപ്പീൽ’ സേവനം സെപ്റ്റംബർ 25-നു നിലവിൽവരും.

നികുതിദായകരും ആദായനികുതിവകുപ്പും തമ്മിലുള്ള ഇടപാടിൽ മനുഷ്യരെ ഒഴിവാക്കി പകരം കംപ്യൂട്ടർ അൽഗരിതവും നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തുന്ന രീതിയാണ് ‘ഫെയ്‌സ്‌ലെസ് അസസ്‌മെന്റും അപ്പീലും’. നികുതിദായകരും ഉദ്യോഗസ്ഥരും തമ്മിലുള്ള അനഭിമത ഇടപെടലുകൾ അതുവഴി ഇല്ലാതാവും.

നികുതിസമ്പ്രദായം സുഗമവും മുഖരഹിതവും സുതാര്യവും ആവുകയാണെന്ന് ‘സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കൽ’ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി വിശദീകരിച്ചു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് ആദായനികുതി നൽകുന്നവർ ഒന്നരക്കോടിമാത്രമാണ്. സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കാൻ ജനങ്ങൾ നികുതിയടയ്ക്കാൻ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ധനമന്ത്രി നിർമലാ സീതാരാമനും ആദായ നികുതിവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും വിവിധസംഘടനകളുടെ പ്രതിനിധികളും വീഡിയോസമ്മേളനത്തിൽ പങ്കെടുത്തു.