ന്യൂഡൽഹി: പദ്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. ഭരണസമിതികളുമായി ബന്ധപ്പെട്ട് ക്ഷേത്രട്രസ്റ്റി മൂലംതിരുനാൾ രാമവർമയുടെ പുതിയ നിർദേശങ്ങളും കേസിൽ വിധിപറഞ്ഞ ബെഞ്ചുതന്നെ കേൾക്കും.

ഭരണസമിതി അധ്യക്ഷനാവാനുള്ള തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കിൽ, ഹിന്ദുവായ അഡീഷണൽ ജില്ലാജഡ്ജിക്ക് ചുമതല നൽകണമെന്നാവശ്യപ്പെട്ട് രാമവർമ സത്യവാങ്മൂലം നൽകിയിരുന്നു.

ചുമതല ഒഴിയാൻ അനുമതിതേടി നിലവിലെ എക്സിക്യുട്ടീവ് ഓഫീസർ വി. രതീശനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യങ്ങൾ ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ച് പരിശോധിക്കും.

ക്ഷേത്രഭരണത്തിന് രണ്ട് സമിതികളെ നിർദേശിക്കുന്നതായിരുന്നു സുപ്രീംകോടതിയുടെ ജൂലായ് 13-ന്റെ വിധി. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയും വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയുമാണ് സുപ്രീംകോടതി നിർദേശിച്ചത്. ഇക്കാര്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് രാമവർമ കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയത്.