മുംബൈ: അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ പരീക്ഷിക്കുന്നതിനായി ടെലികോം സേവന കമ്പനികൾക്ക് സെപ്റ്റംബറോടെ ടെലികോം വകുപ്പ് സ്പെക്‌ട്രം ലഭ്യമാക്കിയേക്കും. മാർച്ചിൽ പരീക്ഷണത്തിന് പദ്ധിതിയിട്ടിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു. സ്‌പെക്‌ട്രം ലേലത്തിനു മുമ്പായി 5 ജി ഉപകരണങ്ങളുടെയും സ്‌പെക്‌ട്രത്തിന്റെയും ആറുമാസത്തെ ട്രയൽ ആണ് ടെലികോം വകുപ്പ് നിഷ്കർഷിച്ചിരിക്കുന്നത്.

5 ജി ഉപകരണ വിതരണത്തിൽനിന്ന് ചൈനീസ് കമ്പനികളെ അകറ്റി നിർത്താനാണ് സർക്കാർ തീരുമാനം. ഇതനുസരിച്ച് ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ചൈനീസ് കമ്പനികളുമായി സഹകരിക്കാൻ അവസരമുണ്ടാകില്ല. 2019 ഡിസംബറിൽ അപേക്ഷ നൽകിയിരുന്നതിൽ നോക്കിയ, എറിക്സൺ, സാംസങ് എന്നീ കമ്പനികൾക്കാണ് 5 ജി ട്രയലിൽ പങ്കെടുക്കാൻ അനുമതിനൽകുക. ജിയോയുടെ സ്വന്തം ഉപകരണങ്ങളും പരീക്ഷണത്തിന് വിധേയമാക്കും.