മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത് പ്രശസ്തനായത് മരണശേഷമാണെന്ന് എൻ.സി.പി. നേതാവ് മജീദ് മേമൻ. പ്രസ്താവന വിവാദമായതോടെ അത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് എൻ.സി.പി. വിശദീകരിച്ചു. വ്യാഴാഴ്ച ട്വിറ്റർ സന്ദേശത്തിലാണ് മേമൻ വിവാദപ്രസ്താവന നടത്തിയത്. മരണ ശേഷം കിട്ടിയ പ്രശസ്തി അദ്ദേഹത്തിന് ജീവിതകാലത്ത് കിട്ടിയിരുന്നില്ല. നമ്മുടെ പ്രധാനമന്ത്രിക്കോ അമേരിക്കൻ പ്രസിഡന്റിനോ കിട്ടാത്തത്ര സ്ഥലമാണ് മാധ്യമങ്ങൾ സുശാന്തിന് നൽകുന്നത് - മേമൻ പറഞ്ഞു.

മരണമടഞ്ഞ നടനെ അവഹേളിക്കുന്നതാണ് മേമന്റെ പ്രസ്താവനയെന്ന് സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നു. അതോടെ അത് എൻ.സി.പി.യുടെ അഭിപ്രായമല്ലെന്ന് പാർട്ടി വിശദീകരിച്ചു. മേമൻ അദ്ദേഹത്തിന്റെ സ്വകാര്യട്വിറ്റർ അക്കൗണ്ടുവഴിയാണ് ഈ അഭിപ്രായം നടത്തിയത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് -എൻ.സി.പി. വക്താവ് നവാബ് മാലിക് പറഞ്ഞു. സുശാന്തിനെ അവഹേളിക്കുന്നതിനു വേണ്ടിയല്ല താൻ ഈ അഭിപ്രായം പറഞ്ഞതെന്ന് മേമനും വിശദീകരിച്ചു.