ചെന്നൈ: ബി.ജെ.പി.യുമായി ബന്ധം പുലർത്തിയതിനെത്തുടർന്ന് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിമത എം.എൽ.എ. കെ.കെ. സെൽവത്തെ ഡി.എം.കെ. പുറത്താക്കി. സെൽവത്തിന്റെ പാർട്ടി അംഗത്വം റദ്ദാക്കുകയും എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കുകയും ചെയ്തു. ‘മുതിർന്ന പാർട്ടി പ്രവർത്തകനും എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ സെൽവം തുടർച്ചയായി അച്ചടക്കലംഘനം നടത്തുകയും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തു. ഇതിൽ സെൽവം നൽകിയ വിശദീകരണം തൃപ്തികരമല്ല. അതിനാൽ, പാർട്ടി അംഗത്വത്തിൽനിന്നും മറ്റ് എല്ലാ ഉത്തരവാദിത്വങ്ങളിൽനിന്നും പുറത്താക്കുന്നു.’ -ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ അറിയിച്ചു.

ചെന്നൈയിലെ തൗസന്റ് ലൈറ്റ് മണ്ഡലത്തിലെ എം.എൽ.എ.യായ സെൽവം ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയെ ഓഗസ്റ്റ് നാലിന് ഡൽഹിയിൽ സന്ദർശിച്ചിരുന്നു. ഇതേത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. തൊട്ടടുത്തദിവസം അദ്ദേഹം ചെന്നൈയിലെ ബി.ജെ.പി. ആസ്ഥാനത്ത് പൂജാച്ചടങ്ങിൽ പങ്കെടുത്തു. ഡി.എം.കെ.യിൽ കുടുംബാധിപത്യമാണെന്നും 50 കഴിഞ്ഞവർക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചത് ബി.ജെ.പി. ഓഫിസിനു മുന്നിൽവെച്ചായിരുന്നു. തന്റെ പക്ഷം കേൾക്കാതെയാണ് സ്റ്റാലിൻ സസ്പെൻഡ് ചെയ്തതെന്നും കുറ്റപ്പെടുത്തി.

ഡി.എം.കെ. വിട്ട് ബി.ജെ.പി.യിൽ ചേർന്ന മുൻ സഹപ്രവർത്തകൻ വി.പി. ദുരൈസ്വാമിക്കും തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ എൽ. മുരുകനും ഒപ്പമായിരുന്നു സെൽവത്തിന്റെ ഡൽഹി സന്ദർശനമെന്നതിനാൽ അദ്ദേഹം ബി.ജെ.പി.യിൽ ചേർന്നുവെന്ന അഭ്യൂഹവും ശക്തമായി. എന്നാൽ, തന്റെ മണ്ഡലത്തിലെ നുങ്കമ്പാക്കം സ്റ്റേഷനിൽ രണ്ട് എലിവേറ്ററുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ കാണാനാണ് ഡൽഹിയിലെത്തിയതെന്നായിരുന്നു സെൽവത്തിന്റെ വിശദീകരണം.

ഡി.എം.കെ. ചെന്നൈ വെസ്റ്റ് ജില്ലാ സെക്രട്ടറിസ്ഥാനം 2014-ൽ ജെ. അൻപഴകന് നൽകിയതിനെത്തുടർന്ന് സെൽവം പാർട്ടിയോട് മാനസികമായി അകന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചശേഷവും തനിക്കു പദവി നൽകാതെ സ്റ്റാലിന്റെ മകൻ ഉദയനിധിയുടെ കൂട്ടാളി ചെന്നൈ വെസ്റ്റ് ജില്ലാ സെക്രട്ടറിയാവുകയായിരുന്നുവെന്ന് സെൽവം ആരോപിച്ചിരുന്നു.