മുംബൈ: വസായ്-വിരാർ മേഖലയിലെ ആശുപത്രികളിൽ ഓക്സിജൻ സിലിൻഡറുകളുടെ ക്ഷാമം രൂക്ഷമാവുന്നു. നല്ലസൊപ്പാരയിൽ രണ്ട്‌ സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന 11 കോവിഡ് ബാധിതർ മരിച്ചത് ഓക്സിജൻ കിട്ടാതെയാണെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചു. വിനായക് ആശുപത്രിയിൽ ഏഴുമരണവും റിദ്ധി വിനായക് ആശുപത്രിയിൽ നാലുമരണവുമാണ് റിപ്പോർട്ടുചെയ്തത്.

രോഗികളുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ആശുപത്രികളിലുംകൂടി മൂന്ന് ഓക്സിജൻ സിലൻഡറുകൾ മാത്രമാണുണ്ടായിരുന്നതെന്നാണ് ആക്ഷേപം. മുൻനഗരസഭാംഗവും ബഹുജൻ വികാസ് അഘാഡി നേതാവുമായ കിസാൻ ബൻഡാംഗലെയും മരിച്ചവരിൽ ഉൾപ്പെടുന്നു. എന്നാൽ, ഓക്സിജൻ ലഭിക്കാത്തല്ല മരണകാരണമെന്നും മറ്റു പലരോഗങ്ങളും ഇവർക്കുണ്ടായിരുന്നതായും കോർപ്പറേഷൻ അധികൃതരും ആശുപത്രി അധികൃതരും അറിയിച്ചു.

റായ്ഗഢിൽനിന്ന് ഓക്സിജൻ സിലിൻഡറുകൾ എത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.