ന്യൂഡൽഹി: എം.ആർ.എൻ.എ. സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻറെ മനുഷ്യരിലെ പരീക്ഷണങ്ങൾക്ക് പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഔഷധനിർമാണ കമ്പനിയായ ജെന്നോവ തയ്യാറെടുക്കുന്നു. വാക്സിൻ വികസനത്തിന് സഹായധനം നൽകുന്ന കേന്ദ്ര ജൈവസാങ്കേതിക വകുപ്പാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. എം.ആർ.എൻ.എ. സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി നിർമിക്കപ്പെടുന്ന ആദ്യത്തെ വാക്സിന് എച്ച്.സി.ജി.ഒ.19 എന്നാണു പേരു നൽകിയിരിക്കുന്നത്.

പരീക്ഷണങ്ങൾക്കായി ആരോഗ്യമുള്ള സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ജെന്നോവ ആരംഭിച്ചിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷണങ്ങൾ നടത്തുന്നതെന്നും എം.ആർ.എൻ.എ. അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയ്ക്ക് കോവിഡിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയുമെന്നും ജെന്നോവ സി.ഇ.ഒ. സഞ്ജയ് സിങ് പറഞ്ഞു.

യു.എസ്. കമ്പനിയായ എച്ച്.ഡി.ടി. ബയോടെക്കിന്റെ പങ്കാളിത്തതോടെയാണ് ജെന്നോവ വാക്സിൻ വികസിപ്പിക്കുന്നത്. എലികൾ, ആൾക്കുരങ്ങുകൾ ഉൾപ്പെടെയുള്ളവയിൽ േനരത്തേ നടത്തിയ പരീക്ഷണങ്ങളിൽ ജെന്നോവ വാക്സിൻ രോഗപ്രതിരോധശേഷിയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതായി തെളിയിഞ്ഞിരുന്നു. വാക്സിന്റെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു പഠനങ്ങൾ ജെന്നോവ വാക്സിൻ പൂർത്തിയാക്കിയിട്ടുണ്ട്. മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്താൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടേതടക്കം അനുമതിയും ജെന്നോവയ്ക്കുണ്ട്.