ചെന്നൈ: ലോകത്തെനടുക്കിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് തിങ്കളാഴ്ച പന്ത്രണ്ട് വയസ്സ് പിന്നിട്ടു.
2004 ഡിസംബര്‍ 26-നാണ് സുനാമി ദുരന്തമുണ്ടായത്. രാക്ഷസത്തിരമാലകള്‍ ലോകജനതയ്ക്കുമേല്‍ നാശംവിതച്ച നാള്‍. ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി രണ്ടര ലക്ഷത്തിലേറെ ജീവന്‍ സുനാമി കവര്‍ന്നതെന്നാണ് കണക്ക്. ഒരു ജീവിതംകൊണ്ട് കാത്തുസൂക്ഷിച്ചതെല്ലാം നിമിഷനേരംകൊണ്ട് കടല്‍ തിരിച്ചെടുത്തു.
ഇന്ത്യയില്‍മാത്രം മരിച്ചത് പതിനായിരത്തോളം പേരാണ്. തമിഴ്‌നാട്ടിലും കേരളത്തിലും അന്തമാനിലും പതിനായിരത്തിലേറെ ജീവന്‍ സുനാമിതിരകള്‍ കവര്‍ന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം മേഖലകളില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. കേരളത്തില്‍മാത്രം ഇരുന്നൂറിലേറെ പേര്‍ സുനാമിയില്‍ മരിച്ചെന്നാണ് കണക്ക്.
തമിഴ്‌നാട്ടില്‍ സുനാമി നാശംവിതച്ച പ്രധാന ഇടങ്ങളിലൊന്നായിരുന്നു ചെന്നൈ മറീനാകടല്‍ക്കര. ആര്‍ത്തലച്ചുവന്ന തിരമാലകള്‍ ചെന്നൈയുടെ തീരപ്രദേശങ്ങളില്‍ കൊടുംനാശമാണ് വിതച്ചത്. കടലൂര്‍, നാഗപട്ടണം ജില്ലകളിലും സുനാമിവരുത്തിയ നാശനഷ്ടങ്ങള്‍ക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല.
ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ റിക്ടര്‍ സ്‌കെയ്‌ലില്‍ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സുനാമി ദുരന്തത്തിനുവഴിമാറിയത്. ഇന്‍ഡനീഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലാന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലാണ് സുനാമി ദുരന്തമുണ്ടായത്.