ബെംഗളൂരു: കർണാടകത്തിൽ 2018-ലെ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യ സർക്കാരിൽനിന്ന് രാജിവെയ്ക്കാൻ ബി.ജെ.പി. പണം വാഗ്ദാനം ചെയ്തെന്ന് മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ശ്രീമന്ത് പാട്ടീൽ. എത്ര പണം വേണമെന്ന് അവർ ചോദിച്ചു. എന്നാൽ, പണം സ്വീകരിച്ചില്ലെന്നും പകരം മികച്ച വകുപ്പിന്റെ മന്ത്രിസ്ഥാനം ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽനിന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന 16 കോൺഗ്രസ്-ജെ.ഡി.എസ്.എം.എൽ.എ.മാരിൽ ഒരാളാണ് ശ്രീമന്ത് പാട്ടീൽ.

കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ. മാരെ കൂറുമാറ്റാൻ ബി.ജെ.പി. പണ വാഗ്ദാനം ചെയ്തെന്ന ആരോപണം അന്ന് ശക്തമായിരുന്നു. ഓപ്പറേഷൻ താമര എന്നറിയപ്പെട്ട ഈ കൂറുമാറ്റത്തിലൂടെയാണ് 2019-ൽ ബി.എസ്. യെദ്യൂരപ്പ സർക്കാർ അധികാരത്തിലെത്തിയത്.

ബി.ജെ.പി. യിൽ ചേർന്ന ശ്രീമന്ത് പാട്ടീൽ യെദ്യൂരപ്പ സർക്കാരിൽ ടെക്‌സ്റ്റൈൽസ്, ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്നു. കഴിഞ്ഞ ജൂലായിൽ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റപ്പോൾ ശ്രീമന്ത് പാട്ടീലിന് മന്ത്രിസ്ഥാനം ലഭിച്ചില്ല.

അടുത്ത മന്ത്രിസഭാ വികസനത്തിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്ന് ശ്രീമന്ത പാട്ടീൽ പറഞ്ഞു. കൃഷിവകുപ്പ് കിട്ടിയാൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.