മുംബൈ: സാക്കിനാക്കയിലെ പീഡനത്തിന്റെ നടുക്കം മാറുംമുമ്പ് മുംബൈയിൽനിന്ന് മറ്റൊരു ബലാത്സംഗ വാർത്തകൂടി പുറത്തുവന്നു. ഉല്ലാസ്‌ നഗർ റെയിൽവേ സ്റ്റേഷനടുത്ത് സ്കൈവാക്കിൽ നിൽക്കുകയായിരുന്ന പതിനാലുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഷിർദിയിൽപോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാലികയെ ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്‌സിലേക്ക് പിടിച്ചുകൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ ശനിയാഴ്ച രാവിലെ ഉല്ലാസ്‌ നഗർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും അവർ വിഠൽവാഡി പോലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് കല്യാൺ റെയിൽവേ പോലീസിലേക്കും പറഞ്ഞയച്ചു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളനുസരിച്ച് കേസെടുത്ത റെയിൽവേ പോലീസ് ഞായറാഴ്ച പ്രതിയെ പിടികൂടി.

ഉല്ലാസ് നഗറിൽ താമസിക്കുന്ന ശ്രീകാന്ത് ഗായക്‌വാഡ് എന്ന ദാദ (35)യാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരേ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ബലാത്സംഗശ്രമത്തെ ചെറുക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിക്ക്‌ തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.