ചെന്നൈ: നീറ്റ് പരീക്ഷാപ്പേടിയിൽ തമിഴ്‌നാട്ടിലെ സേലത്ത് വിദ്യാർഥി ജീവനൊടുക്കി. മേട്ടൂർ കൂഴൈയൂർ സ്വദേശിയായ കർഷകൻ ശിവകുമാറിന്റെ ഇളയമകൻ ധനുഷ് (19) ആണ് മരിച്ചത്.

2019-ൽ പ്ലസ്ടു കഴിഞ്ഞ ധനുഷ് മുമ്പ് രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്നു. ബി.ഡി.എസ്. യോഗ്യത നേടിയെങ്കിലും എം.ബി.ബി.എസ്. നേടാനായി ഞായറാഴ്ച വീണ്ടും പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിവൈകിയും ധനുഷ് മുറിയിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് വിദ്യാർഥിയെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കരുമലൈക്കുടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥിയുടെ മരണത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. നീറ്റ് പരീക്ഷകൊണ്ട് വിദ്യാർഥികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ മനസ്സിലാക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ പിടിവാശി കാണിക്കുകയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. നീറ്റിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കിക്കൊണ്ട് തിങ്കളാഴ്ച നിയമസഭയിൽ ബിൽ പാസാക്കും. നീറ്റ് പരീക്ഷ കേന്ദ്രസർക്കാർ പിൻവലിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് നീറ്റ് പരീക്ഷ നടത്തി. 1.12 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്.