ബെംഗളൂരു: കോവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കർണാടക പൊതു പ്രവേശന പരീക്ഷ(കർണാടക കോമൺ എൻട്രസ് ടെസ്റ്റ്-കെ.സി.ഇ.ടി. 2021) മാറ്റി. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എൻജിനിയറിങ്, ടെക്‌നോളജി, യോഗ, നാച്ചുറോപ്പതി, ഫാം സയൻസ്, ഫാർമ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം.

ജൂലായ് ഏഴ്, എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ ഓഗസ്റ്റ് 28, 29 തീയതികളിൽ നടക്കുമെന്ന് കർണാടക പരീക്ഷാ അതോറിറ്റി അറിയിച്ചു. പുതുക്കിയ ടൈം ടേബിൾ പ്രകാരം 28-ന് രാവിലെ ബയോളജി, ഉച്ചയ്ക്ക് ശേഷം കണക്ക്, 29-ന് രാവിലെ ഫിസിക്സ്, ഉച്ചയ്ക്കുശേഷം രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷകൾ. 30-ന് കന്നഡ ഭാഷാ പരീക്ഷയും നടക്കും.

കോവിഡ് ഭീഷണി കണക്കിലെടുത്ത് കർണാടകത്തിൽ രണ്ടാംവർഷ പി.യു. പരീക്ഷകൾ അടുത്തിടെ മാറ്റിവെച്ചിരുന്നു. ഒന്നാം വർഷ പി.യു. പരീക്ഷകൾ വേണ്ടെന്നുവെക്കുകയായിരുന്നു.