ന്യൂഡൽഹി: സൈനിക സഹകരണത്തിലും കോവിഡ് പ്രതിരോധത്തിലും ഉഭയകക്ഷിധാരണ ശക്തിപ്പെടുത്താൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെ യു.എസ്. കരസേനാ മേധാവി ജനറൽ ജയിംസ് സി. മക്കോവില്ലെയുമായി ചൊവ്വാഴ്ച ടെലിഫോണിൽ ചർച്ച നടത്തി. ഇന്തോ-പസഫിക് മേഖലയിലും തെക്കൻ ചൈനാ കടലിലും ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം ചെറുക്കാൻ സൈനിക-പ്രതിരോധ രംഗങ്ങളിൽ സഹകരണം ശക്തമാക്കുന്നതിന്റെ തുടർച്ചയാണ് ടെലിഫോൺ സംഭാഷണം.

ഉന്നത സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും സൈനിക ഉപഗ്രഹങ്ങളിൽനിന്നുള്ള സൂക്ഷ്മവിവരങ്ങളും കൈമാറുന്നതടക്കമുള്ള ബെക്ക (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ്) കരാറിൽ ഇരുരാജ്യങ്ങളും ഒക്ടോബറിൽ ഒപ്പുവെച്ചിരുന്നു.