ന്യൂഡൽഹി: സൗമ്യാ സന്തോഷിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും അവരുടെ കുടുംബത്തിനൊപ്പമാണ് തന്റെ രാജ്യമെന്നും ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റോൺ മൽക. സൗമ്യയുടെ കുടുംബത്തെ ഫോണിൽ വിളിച്ച അംബാസഡർ ഇസ്രയേലിന്റെ ദുഃഖം അറിയിച്ചു. സൗമ്യയുടെ കുടുംബവുമായി സംസാരിച്ചെന്നും നിർഭാഗ്യകരമായ നഷ്ടത്തിൽ സങ്കടമറിയിച്ചെന്നും റോൺ മൽക ട്വിറ്ററിൽ അറിയിച്ചു. ഭർത്താവിനും മകനുമൊത്തുള്ള സൗമ്യയുടെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.

‘സൗമ്യയുടെ ഒമ്പത് വയസ്സുള്ള മകൻ അഡോണിനൊപ്പമാണ് എന്റെ ഹൃദയം. ചെറിയ പ്രായത്തിൽതന്നെ അവന് അമ്മയെ നഷ്ടമായി. 2008-ലെ മുംബൈ ആക്രമണത്തിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ട മോഷെ എന്ന കുട്ടിയുടെ അവസ്ഥയാണ് ഈ നീചമായ ആക്രമണം ഓർമിപ്പിക്കുന്നത്’ -റോൺ മൽക കുറിച്ചു. മുംബൈ ഭീകരാക്രമണത്തിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ട മോഷെ ഹോൾസ്ബർഗ് എന്ന ഇസ്രയേലി ബാലൻ ലോകത്തിന്റെ മൊത്തം വാത്സല്യത്തിനു പാത്രമായിരുന്നു.