ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്ക് അനുവദിക്കുന്ന കോവിഡ് വാക്സിൻ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് സർക്കാരിന്റെ കണക്ക്. മേയിൽ സ്വകാര്യ ആശുപത്രികൾക്ക് അനുവദിച്ച 1.85 കോടി ഡോസിൽ 1.29 കോടി ഡോസ് ആണ് അവർ കൈപ്പറ്റിയത്. അതിൽനിന്ന് ഉപയോഗിച്ചത് 22 ലക്ഷം ഡോസ് മാത്രം. സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി ആകെ 7.4 കോടി ഡോസ് വാക്സിനാണ് മേയിൽ ലഭ്യമായിരുന്നത്.

സ്വകാര്യ ആശുപത്രികളിലെ വാക്സിന്റെ വില, പൊതുവിൽ വാക്സിനോടുള്ള വിമുഖത എന്നീ കാരണങ്ങൾകൊണ്ടാവാം ആളുകൾ വിട്ടുനിൽക്കുന്നതെന്നു കരുതുന്നു. സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡിന് 780 രൂപ, കോവാക്സിന് 1,410 രൂപ, സ്പുടിനിക്കിന് 1,145 രൂപ എന്നിങ്ങനെ വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഈ മാസം 21 മുതൽ സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ എല്ലാവർക്കും സൗജന്യമാണ്. മൊത്തം ഉത്പാദനത്തിന്റെ 75 ശതമാനം കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകും. 25 ശതമാനം മാത്രമാണ് സ്വകാര്യമേഖലയ്ക്കു നൽകുക.