ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 719 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ.). ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത്- 111 പേർ. ഡൽഹി(109), ഉത്തർപ്രദേശ്(79), പശ്ചിമ ബംഗാൾ(63), രാജസ്ഥാൻ(43) എന്നിവയാണ് മരണസംഖ്യ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ 24 പേർ മരിച്ചു. ഒരു ഡോക്ടർ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്.

ബിഹാറിൽ ഡോക്ടർമാരുടെ മരണസംഖ്യ വർധിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ മേയ് അവസാനം ഐ.എം.എ.യുടെ സംസ്ഥാന ഘടകം എട്ടംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു.

കോവിഡിന്റെ ആദ്യ തരംഗത്തിൽ 748 ഡോക്ടർമാർ മരിച്ചതായി ഐ.എം.എ. വ്യക്തമാക്കിയിരുന്നു. അതിനിടെ ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിനെതിരേ ജൂൺ 18-ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐ.എം.എ. അറിയിച്ചു. എന്നാൽ ആശുപത്രികൾ തടസ്സമില്ലാതെ പ്രവർത്തിക്കും. നേരത്തേ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടിരുന്നു.