ലഖിംപുർ ഖേരി (യു.പി.): ഓൺലൈനിൽ പരിചയപ്പെട്ട പെൺകുട്ടിക്ക് ജന്മദിനസമ്മാനവുമായി പറന്നെത്തിയ ഇരുപത്തിയൊന്നുകാരന് പോലീസ് നൽകിയ സമ്മാനം ഒരുരാത്രിയിലെ സ്റ്റേഷൻ വാസം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ചോക്ലേറ്റും ടെഡി ബെയർ പാവയും അതുപോലുള്ള മറ്റുചില സമ്മാനങ്ങളുമായാണ് 2000 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവിൽനിന്ന് സൽമാനെന്ന യുവാവ് ലഖിംപുർ ഖേരിയിലെത്തിയത്. ലഖ്നൗവിൽ വിമാനമിറങ്ങി അവിടെനിന്ന് ബസിലായിരുന്നു യാത്ര. പെൺകുട്ടിയുടെ വീട്ടുകാർ സൽമാനെ അറിയില്ലെന്നു പറഞ്ഞ് തടഞ്ഞുവെക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസെത്തി കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച രാത്രി മുഴുവൻ സ്റ്റേഷനിലിരുത്തി. തിങ്കളാഴ്ച രാവിലെ വ്യക്തിഗത ബോണ്ടിൽ ജാമ്യം നൽകി പറഞ്ഞയച്ചെന്ന് കോത്‌വാലി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സുനിൽ കുമാർ സിങ് പറഞ്ഞു.
ഉത്തർപ്രദേശിലെ ദേവ്‌റിയ ജില്ലക്കാരനാണ് സൽമാൻ. ബെംഗളൂരുവിൽ മെക്കാനിക്കായി ജോലിചെയ്യുകയാണ്. തിങ്കളാഴ്ച ബെംഗളൂരുവിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റും കുറച്ചു പണവും സൽമാന്റെ കൈയിലുണ്ടായിരുന്നെന്ന് സിങ് പറഞ്ഞു.