പനജി: വാഹനാപകടത്തിൽ പരിക്കേറ്റ് ഗോവയിലെ ആശുപത്രിയിൽ കഴിയുന്ന കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്കിനെ ആവശ്യമെങ്കിൽ തുടർചികിത്സയ്ക്കായി ഡൽഹിയിലേക്കുകൊണ്ടുപോകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നായിക് അപകടനില തരണം ചെയ്തതായി ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജി.എം.സി.എച്ച്.) ചൊവ്വാഴ്ച അദ്ദേഹത്തെ സന്ദർശിച്ചശേഷം സിങ് പറഞ്ഞു.
ഡൽഹി എയിംസിലെ ഡോക്ടർമാരും നായിക്കിന്റെ ചികിത്സയിൽ സഹകരിക്കുന്നുണ്ട്. ഇദ്ദേഹത്തിന് തിങ്കളാഴ്ച രാത്രിതന്നെ വിവിധ ശസ്ത്രക്രിയകൾ നടത്തി. മന്ത്രിയുടെ രണ്ടു കൈയും ഒരുകാലും ഒടിഞ്ഞിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഉത്തര കന്നഡ ജില്ലയ്ക്കടുത്തുള്ള അകോളയിൽ നടന്ന അപകടത്തിൽ മന്ത്രിയുടെ ഭാര്യ വിജയയും സഹായിയും മരിച്ചിരുന്നു.
നായിക്കിനെ ഉടൻ ഡൽഹിയിലേക്കു കൊണ്ടുപോകേണ്ടതില്ലെന്ന് ജി.എം.സി.എച്ച്. ഡീൻ ഡോ. ശിവാനന്ദ് ബണ്ഡേകർ പറഞ്ഞു. ചികിത്സകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. 15 ദിവസമെങ്കിലും ആശുപത്രിയിൽ കഴിയേണ്ടിവരും. പൂർണ ആരോഗ്യവാനാകാൻ മൂന്നുനാലുമാസമെടുക്കുമെന്നും ബണ്ഡേകർ പറഞ്ഞു.