മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്ന പക്ഷിപ്പനിയ്ക്കു പിന്നിൽ പാകിസ്താനോ ഖലിസ്താനികളോ എന്ന് ബി.ജെ.പി. വ്യക്തമാക്കണമെന്ന് ശിവസേനയുടെ പരിഹാസം. പാർട്ടി മുഖപത്രമായ സാമ്‌നയിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് പഴയ സഖ്യകക്ഷി ബി.ജെ.പി.യെ ശിവസേന നിശിതമായി വിമർശിച്ചത്.
പുതിയ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ സമരം ചെയ്യുകയാണ്. അതിനിടയിൽ രാജ്യത്ത് പക്ഷിപ്പനി പടരുന്നുമുണ്ട്. കർഷകസമരത്തിനു പിന്നിൽ പാകിസ്താനും ഖലിസ്താനികളും മാവോവാദികളും ചൈനയുമെല്ലാമാണെന്നാണ് കേന്ദ്രസർക്കാരിലെ ചിലർ പറയുന്നത്.
പക്ഷിപ്പനിക്കുപിന്നിൽ ആരാണെന്ന് അവർ പറഞ്ഞിട്ടില്ല. ഇക്കാര്യം വൈകാതെ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കുന്നതായി മുഖപ്രസംഗം പരിഹസിക്കുന്നു. കോഴികളെ വളർത്തുന്ന കർഷകർ പക്ഷിപ്പനി കാരണം വലയുകയാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. പക്ഷിപ്പനി പേടിച്ച് പലരും കോഴിയിറച്ചിയും കോഴിമുട്ടയും കഴിക്കുന്നില്ല. ഇതുകാരണം ഇറച്ചിക്കടകൾ പലതും അടച്ചിട്ടിരിക്കുകയാണ്. ഇറച്ചിവാങ്ങാൻ ആളില്ലാതാവുന്നത് കർഷകരെയും ബാധിക്കുമെന്ന് മുഖപ്രസംഗം പറയുന്നു.