ന്യൂഡൽഹി: അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് സന്ദേശങ്ങളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനിമുതൽ ബാക്കപ്പ്‌ചെയ്ത സന്ദേശങ്ങളും സ്റ്റോറേജിൽനിന്ന്‌ വീണ്ടെടുക്കാനാവില്ല.

ഇതിനായി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പാക്കും. നിലവിൽ വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തുനിന്ന് ഒരാൾക്കോ വാട്‌സാപ്പിനോ കാണാൻ കഴിയില്ലെങ്കിലും സ്റ്റോറേജിൽനിന്ന് ഇത് വീണ്ടെടുക്കാൻ കഴിയുമായിരുന്നു. സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പാക്കുന്നതോടെ അന്വേഷണ ഏജൻസികൾക്കും സർക്കാരുകൾക്കും തിരിച്ചടിയാവും.

ഒരു പാസ്‌വേഡ്‌ സംവിധാനത്തിലൂടെയാകും പുതിയ എൻക്രിപ്ഷൻ നടപ്പാക്കുന്നത്. വാട്‌സാപ്പ് ചാറ്റുകൾ നിലവിൽ ഗൂഗിൾ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലുമോ സ്റ്റോർ ചെയ്യാനുള്ള സംവിധാനം ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ഐ ഫോൺ ഉപയോക്താക്കൾക്ക് ഐ ക്ലൗഡിലും ഇതിനുള്ള സൗകര്യമുണ്ട്.

പുതിയ സുരക്ഷാസംവിധാനം ഏർപ്പെടുത്തുന്നതിനെ ചില രാജ്യങ്ങൾ എതിർക്കുന്നുണ്ടെന്ന് വാട്സാപ്പ് സി.ഇ.ഒ. വിൽ കാത്കാർട്ട് സമ്മതിച്ചു. എന്നാൽ, ഉപയോക്താവിന്റെ വിവരങ്ങൾക്ക് സുരക്ഷ നൽകുക എന്നത് കമ്പനിയെ സംബന്ധിച്ച് പരമപ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു എൻക്രിപ്ഷൻ കീയുടേയോ പാസ് വേഡിന്റെയോ സഹായത്തോടെ ഈ സേവനം ഉപയോക്താവിന് ലഭ്യമാകും. വർഷങ്ങൾനീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സേവനം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ 53 കോടി ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. കേന്ദ്ര സർക്കാരിന്റെ ഐ.ടി.നയത്തിൽ പറയുന്നതനുസരിച്ച് സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന ആവശ്യത്തിനെതിരേ വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.