കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസയച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യലിനായി ഈ മാസം 21-ന് ന്യൂഡൽഹിയിൽ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ആറിന് ഇതേ കേസിൽ അഭിഷേകിനെ എട്ടുമണിക്കൂർ ന്യൂഡൽഹിയിൽ ചോദ്യംചെയ്തിരുന്നു.

സെപ്റ്റംബർ 11-ന് വീണ്ടും ഹാജരാകാനായിരുന്നു ആദ്യ നോട്ടീസെങ്കിലും ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ എത്താൻ കഴിയില്ലെന്ന് അഭിഷേക് അറിയിച്ചു. കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റു കുറ്റവാളികളുമായുള്ള ബന്ധവും അനധികൃത ഇടപാടുകൾ നടത്തിയ കമ്പനികളുമായി ബന്ധവും സംബന്ധിച്ചായിരുന്നു ആദ്യതവണ ഇ.ഡി. വിവരം തേടിയത്.

കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കുറ്റക്കാരനെന്നുകണ്ടാൽ തൂക്കിലേറാൻ തയ്യാറാണെന്നും അഭിഷേക് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരേ ബി.ജെ.പി. കേന്ദ്ര ഏജൻസികളെ തുറന്നുവിട്ടിരിക്കുകയാണെന്ന് ഭവാനിപുരിൽ പ്രചാരണത്തിന് തുടക്കംകുറിച്ചുകൊണ്ട് മുഖ്യമന്ത്രി മമതാ ബാനർജി കുറ്റപ്പെടുത്തി. നാരദാ കേസിൽ യഥാർഥത്തിൽ പണം വാങ്ങിയ ഒരാളെ ഇതുവരെയും കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്തിട്ടില്ലെന്ന് ശുഭേന്ദു അധികാരിയെ പരാമർശിച്ചുകൊണ്ട് മമത പറഞ്ഞു.

അഭിഷേകിന്റെ ഭാര്യ രുജീര ബാനർജിയോടും ന്യൂഡൽഹിയിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ടു കൊച്ചുകുട്ടികളുടെ സംരക്ഷണച്ചുമതലയുണ്ടെന്നും കോവിഡ്കാലത്തെ യാത്ര സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാണിച്ച് അവർ പോയില്ല. തന്നെ കൊൽക്കത്തയിൽ ചോദ്യംചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.