ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച കോൺഗ്രസ് നേതാക്കൾ രാജ്യത്തെ വഴിതെറ്റിക്കുകയും വ്യാജപരിഭ്രാന്തി സൃഷ്ടിക്കുകയുമാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ.

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പെരുമാറ്റം ഇരട്ടത്താപ്പും നിന്ദ്യവുമാണ്. കേരളത്തിൽ കോവിഡ് പരക്കാനിടയാക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്തുകയും മറ്റിടങ്ങളിൽ തിരഞ്ഞെടുപ്പ് റാലികളെ എതിർക്കുകയുമാണ് കോൺഗ്രസിന്റെ രീതിയെന്ന് നഡ്ഡ കുറ്റപ്പെടുത്തി. മോദിസർക്കാരിനും ബി.ജെ.പി.ക്കുമെതിരേ കോൺഗ്രസ് പ്രവർത്തകസമിതി ഉയർത്തിയ വിമർശനത്തിനു മറുപടിയായി സോണിയാ ഗാന്ധിക്കയച്ച നാലു പേജുള്ള കത്തിലാണ് നഡ്ഡയുടെ കുറ്റപ്പെടുത്തൽ.

“രാജ്യം ഉറച്ച ധൈര്യത്തോടെ രോഗവ്യാപനത്തിനെതിരേ പോരാടുമ്പോൾ കോൺഗ്രസിന്റെ മുതിർന്നനേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജ പരിഭ്രാന്തി സൃഷ്ടിക്കുന്നതും രാഷ്ട്രീയപരിഗണനകൾവെച്ച് പരസ്പരവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതും നിർത്തണം. കോൺഗ്രസ് പാർട്ടിയിലെ ചില പ്രവർത്തകർ ജനങ്ങളെ സഹായിക്കാൻ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, മുതിർന്നനേതാക്കൾ തുടർച്ചയായി നടത്തിവരുന്ന പ്രതികൂല പ്രതികരണങ്ങൾകാരണം ആ കഠിനാധ്വാനം മങ്ങിപ്പോകുന്നു.

വാക്സിൻ കണ്ടുപിടിക്കാൻ ഇന്ത്യയിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും ഗവേഷകരും കഴിഞ്ഞവർഷം പരിശ്രമം നടത്തിയപ്പോൾ കോൺഗ്രസ് അതിനെ പരിഹസിച്ചു. വാക്സിൻ വിമുഖതയുടെ ചരിത്രമില്ലാത്ത ഒരു രാജ്യത്ത് മനഃപൂർവം അതുണ്ടാക്കാൻ ശ്രമിച്ചു” -നഡ്ഡ പറഞ്ഞു.

സെൻട്രൽ വിസ്ത പദ്ധതിയെയും നഡ്ഡ ന്യായീകരിച്ചു. യു.പി.എ. സർക്കാരിന്റെ കാലത്ത് അന്നത്തെ സ്പീക്കറായിരുന്നു ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, കോൺഗ്രസ് വസ്തുതകൾ മറച്ചുവെക്കുകയാണ്. സെൻട്രൽ വിസ്ത നിർമാണത്തോടും ഛത്തീസ്‌ഗഢിൽ പുതിയ നിയമസഭാമന്ദിരം പണിയുന്നതിനോടുമുള്ള കോൺഗ്രസിന്റെ സമീപനത്തിലെ വൈരുധ്യം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് -നഡ്ഡ പറഞ്ഞു.