മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന്റെപേരിൽ അനധികൃത പണമിടപാടുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്തു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയപകപോക്കലാണ് ഈ നടപടിയെന്ന് എൻ.സി.പി.യും കോൺഗ്രസും കുറ്റപ്പെടുത്തി.

അധികാരദുർവിനിയോഗവും അഴിമതിയും നടത്തിയെന്ന പരാതിയിൽ ദേശ്‌മുഖിനെതിരേ കഴിഞ്ഞ മാസം സി.ബി.ഐ. പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ.) രജിസ്റ്റർചെയ്തിരുന്നു. ഇതിലെ വിവരങ്ങളനുസരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർചെയ്തിരിക്കുന്നത് എന്ന് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു. ദേശ്‌മുഖ് നടത്തിയതായി പറയുന്ന അഴിമതിയുടെ സാമ്പത്തികവശമായിരിക്കും ഇ.ഡി. അന്വേഷിക്കുക.

മുംബൈ നഗരത്തിലെ ബാറുകളിൽനിന്നും െറസ്റ്റോറന്റുകളിൽനിന്നും എല്ലാമാസവും 100 കോടി രൂപ പിരിച്ചുനൽകണമെന്ന് മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാരോട് നിർദേശിച്ചിരുന്നെന്ന മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണത്തെക്കുറിച്ചാണ് പ്രധാനമായും സി.ബി.ഐ. അന്വേഷിക്കുന്നത്. ഹൈക്കോടതി വിധിയെത്തുടർന്ന് ഏപ്രിൽ ആറിനാണ് സി.ബി.ഐ. പ്രാഥമികാന്വേഷണം തുടങ്ങിയത്.

ആഭ്യന്തരമന്ത്രിയുടെ ചുമതലയുള്ള സമയത്ത് അവിഹിതനേട്ടങ്ങളുണ്ടാക്കാൻ ദേശ്‌മുഖും അദ്ദേഹവുമായി അടുപ്പമുള്ള ചിലരും ഔദ്യോഗികപദവി ദുരുപയോഗംചെയ്തതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി എഫ്.ഐ.ആറിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്. ഇതിന്റെ തുടർച്ചയാണ് ഇ.ഡി. അന്വേഷണം.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി. നടത്തുന്ന രാഷ്ട്രീയക്കളികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അനിൽ ദേശ്‌മുഖിനെതിരായ കേസ് എന്ന് എൻ.സി.പി. വക്താവ് നവാബ് മാലിക് കുറ്റപ്പെടുത്തി. ദേശ്‌മുഖിനെതിരേ പരംബീർ സിങ് ആരോപണമുന്നയിച്ചതുമുതൽ ഇ.ഡി. കേസെടുത്തതുവരെയുള്ള സംഭവങ്ങളിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സമ്മർദമുണ്ട്. മഹാരാഷ്ട്ര സർക്കാറിനെയും എൻ.സി.പി.യെയും അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. എങ്കിലും ദേശ്‌മുഖ് അന്വേഷണത്തോട് സഹകരിക്കുമെന്ന് മാലിക് വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയുന്നതിൽ കേന്ദ്രസർക്കാരിനേറ്റ പരാജയം മറച്ചുവെക്കാനാണ് രാഷ്ട്രീയ എതിരാളികൾക്കെതിരേ കള്ളക്കേസെടുക്കുന്നതെന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ശ്രദ്ധതിരിക്കാനും രാഷ്ട്രീയവിരോധം തീർക്കാനും അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന പ്രവണത ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. പരംബീർ സിങ് പറഞ്ഞ കളവുകളുടെ പുറത്താണ് സി.ബി.ഐ.യുടെയും ഇ.ഡി.യുടെയും കേസുകൾ കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.