ശ്രീനഗർ: സിവിൽ സർവീസ് വിട്ട് ഒരുവർഷം മുമ്പ് കശ്മീരിലെ രാഷ്ട്രീയത്തിലേക്കിറങ്ങിയ ഷാ ഫൈസൽ രാഷ്ട്രീയപ്രവർത്തനവും അവസാനിപ്പിച്ചു. നിരുപദ്രവകരമെന്നോണം താൻ ചെയ്ത നടപടി സത്യത്തിൽ ഒരു രാജ്യദ്രോഹപരമായ നടപടിയായാണ് ചിത്രീകരിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീർ പീപ്പിൾസ് മൂവ്‌മെന്റിന്റെ (ജെ.കെ.പി.എം.) അധ്യക്ഷസ്ഥാനവും അദ്ദേഹം രാജിവെച്ചു. സിവിൽ സർവീസിൽ നിന്ന് രാജിവെച്ച് കഴിഞ്ഞ വർഷമാണ് ഷാ ഫൈസൽ സ്വന്തം പാർട്ടി രൂപവത്‌കരിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഷാ ഫൈസൽ അടക്കമുള്ള കശ്മീരിലെ നൂറോളം രാഷ്ട്രീയപ്പാർട്ടി നേതാക്കളെ കേന്ദ്രസർക്കാർ തടങ്കലിലാക്കിയിരുന്നു. ഈ കാലയളവിൽ ഒറ്റയ്ക്കിരുന്നുള്ള ആലോചന തനിക്ക് പറ്റിയ പിശകുകൾ വ്യക്തമാക്കിത്തരുന്നതായെന്നും ഷാ പി.ടി.ഐ.യോട് പറഞ്ഞു. അടുത്തിടെയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

കശ്മീരിലെ തുടർച്ചയായ കൊലപാതകങ്ങൾ, മുസ്‌ലിങ്ങളോടുള്ള വിവേചനം തുടങ്ങിയവയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ 2019-ൽ അദ്ദേഹം സിവിൽ സർവീസ് വിട്ട് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്‌. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരേയും അദ്ദേഹം പ്രതിഷേധമുയർത്തിയിരുന്നു. സിവിൽ സർവീസസ്‌ പരീക്ഷയിൽ കശ്മീരിൽനിന്ന് ആദ്യമായി ഒന്നാം റാങ്ക് നേടിയയാളാണ് ഷാ ഫൈസൽ. 2010-ലെ സിവിൽ സർവീസസ്‌ പരീക്ഷയിലാണ് ഫൈസൽ ഒന്നാം റാങ്ക് നേടിയത്.