മുംബൈ: മരണമടഞ്ഞ നടൻ സുശാന്ത് സിങ് രജ്പുത്തുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ സഹോദരി മീതു സിങ്ങിനെ ചോദ്യം ചെയ്തു. സുശാന്തിന്റെ കുടുംബത്തിൽനിന്ന് ഒരാളെ ആദ്യമായാണ് ഈ കേസിൽ ഇ.ഡി. ചോദ്യം ചെയ്യുന്നത്. സുശാന്തും കൂട്ടുകാരി റിയ ചക്രവർത്തിയും തമ്മിൽ നടന്ന പണമിടപാടുകളെപ്പറ്റി വിവരം നൽകാൻ മീതുവിന് കഴിയുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കരുതുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഇ.ഡി. ഓഫീസിൽ എത്തിയ മീതുവിനോട് ഇതുസംബന്ധിച്ച ചോദ്യങ്ങളാണ് ചോദിച്ചത് എന്നറിയുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിനൽകുന്നതിന് എത്തണമെന്ന് മുംബൈ പോലീസ് അഞ്ചുതവണ മീതുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ അതിന് തയ്യാറായില്ല. സുശാന്തിന്റെ മുൻമാനേജരും റിയയുടെ ഇപ്പോഴത്തെ മാനേജരുമായ ശ്രുതി മോദിയെയും സുശാന്തിന്റെ കൂട്ടുകാരൻ സിദ്ധാർഥ് പിഠാനിയെയും ഇ.ഡി. ചൊവ്വാഴ്ച ചോദ്യംചെയ്തു. അവസാനനാളുകളിൽ സുശാന്തിനൊപ്പം താമസിച്ചിരുന്നയാളാണ് സിദ്ധാർഥ്. ശ്രുതിയെ നേരത്തേയും ഇ.ഡി. ചോദ്യംചെയ്തിട്ടുണ്ട്. സുശാന്തിന്റെ അച്ഛൻ കെ.കെ. സിങ്ങ് പട്‌ന പോലീസിന് നൽകിയ പരാതിയിൽ റിയയും സഹോദരനും സുശാന്തും ചേർന്ന് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 15 കോടിരൂപ മാറ്റിയതായി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയാ ചക്രവർത്തിയുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.