ബെംഗളൂരു: മഴക്കെടുതി ദുരിതാശ്വാസ സഹായമായി 4000 കോടി അനുവദിക്കണമെന്ന് കർണാടകം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 30 ജില്ലകളിൽ 12 എണ്ണവും പ്രളയത്തിലാണ്. കനത്ത മഴയിൽ വ്യാപക നഷ്ടമുണ്ടായി. കേന്ദ്രത്തിന്റെ അടിയന്തര സഹായം ആവശ്യമാണെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അടിയന്തര സഹായമായി 395 കോടി അനുവദിക്കണമെന്നും കേന്ദ്ര സഹായം ലഭിച്ചാൽ ദുരിതബാധിതർക്ക് വേഗത്തിൽ സഹായമെത്തിക്കാൻ കഴിയുമെന്നും റവന്യൂ മന്ത്രി ആർ. അശോക് പറഞ്ഞു.

വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. 56 താലൂക്കുകളിലായി 885 ഗ്രാമങ്ങൾ പ്രളയത്തിലാണ്. 3000 വീടുകളും 80000 ഹെക്ടർ കൃഷിയിടങ്ങളും നശിച്ചു. 3500 കിലോമീറ്റർ റോഡ് തകർന്നു. 104 ജലസേചന പദ്ധതികളും 394 കെട്ടിടങ്ങളും കനത്ത മഴയിൽ തകർന്നു. കാവേരി, കൃഷ്ണ നദീതടങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. മഴയിൽ 15 പേർക്ക് ജീവൻ നഷ്ടമായി. വീട് നഷ്ടപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ സഹായമെത്തിക്കാൻ കേന്ദ്ര സഹായം ആവശ്യമാണെന്നും മന്ത്രി അശോക് പറഞ്ഞു. പ്രളയക്കെടുതി വിലയിരുത്താൻ സംസ്ഥാനവുമായി പ്രധാനമന്ത്രി നേരിട്ട് ചർച്ച നടത്തിയത് സ്വാഗതാർഹമാണെന്നും ദുരിതബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കണമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.