ന്യൂഡൽഹി: കോവിഡ്-19 വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ പരിശോധന കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി., പഞ്ചാബ്, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ പത്തു സംസ്ഥാനങ്ങളിലാണ് ഇപ്പോൾ 80 ശതമാനം രോഗികളുള്ളത്. ഇവിടങ്ങളിൽ രോഗം നിയന്ത്രിക്കാനായാൽ രാജ്യം കോവിഡിനെതിരേ നടത്തുന്ന പോരാട്ടത്തിൽ വിജയിക്കുമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ദിവസം ഏഴുലക്ഷം കോവിഡ് പരിശോധന നടക്കുന്നുണ്ട്. അത് തുടർച്ചയായി കൂടുന്നുണ്ടെങ്കിലും ഇനിയും ഉയരണം. രോഗബാധിതരുമായി സമ്പർക്കമുണ്ടായ എല്ലാവരെയും 72 മണിക്കൂറിനുള്ളിൽ കണ്ടെത്തി പരിശോധിക്കണം.

രോഗംമൂലം മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ കുറവാണെന്നത് വലിയ ആശ്വാസമാണ്. മരണശതമാനം കുറഞ്ഞുകൊണ്ടിരിക്കുന്നു. അത് ഒരു ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ ഉടൻ സാധിക്കും. കൂടുതൽപ്പേർ ദിവസേന രോഗമുക്തി കൈവരിക്കുന്നുമുണ്ട്.

കോവിഡ് പ്രതിരോധത്തെക്കുറിച്ച് ജനങ്ങൾക്ക് കാര്യമായ അവബോധം ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്‌.

ഡൽഹിയിലും സമീപപ്രദേശങ്ങളിലും കോവിഡ് പ്രതിരോധത്തിന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രി പരാമർശിച്ചു.

വൈറസിനെതിരായ പോരാട്ടത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും ലോകാരോഗ്യസംഘടന ഇന്ത്യയെ പ്രശംസിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ആരോഗ്യമന്ത്രി ഹർഷവർധൻ, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവരും പങ്കെടുത്തു.