ന്യൂഡൽഹി: ജമ്മുകശ്മീരിലെ ചില മേഖലകളിൽ ഓഗസ്റ്റ് 15 മുതൽ 4ജി ഇന്റർനെറ്റ് സേവനം പരീക്ഷണാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതസമിതിയുടെ നിർദേശപ്രകാരമാണിത്. രണ്ട് മാസം അതിന്റെ ഫലം നിരീക്ഷിച്ചശേഷം തുടർനടപടിയുണ്ടാകും.

ജമ്മുവിലും കശ്മീരിലും ഓരോ ജില്ലകളിലാണ് ആദ്യം അതിവേഗ ഇന്റർനെറ്റ് നൽകുക. ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങളിൽ 4ജി ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ സുപ്രീംകോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് എന്ന സംഘടനയുടെ ഹർജിയിലാണ് നടപടി.

കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതിന് പിന്നാലെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. പിന്നീട് 2ജി മാത്രം അനുവദിച്ചു.