ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു എം.പി.ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം.പി. എച്ച്. വസന്ത്കുമാറിനാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന നാലമത്തെ എം.പി.യാണ് വസന്ത്കുമാർ. ഭാര്യ തമിഴ് സെൽവിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗൃഹോപകരണ വിൽപ്പനരംഗത്ത് പ്രവർത്തിക്കുന്ന വസന്ത് ആൻഡ് കോ എന്ന വ്യവസായ ഗ്രൂപ്പിന്റെ ഉടമകൂടിയായ വസന്ത്കുമാർ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജന്റെ പിതൃസഹോദരനാണ്. വസന്ത്കുമാറിനുമുമ്പ് തമിഴ്‌നാട്ടിൽ കാർത്തി ചിദംബരം(ശിവഗംഗ), സെൽവരാശു(നാഗപട്ടണം), രാമലിംഗം(മയിലാടുതുറൈ) എന്നി ലോക്‌സഭാംഗങ്ങൾക്കായിരുന്നു കോവിഡ് ബാധിച്ചത്. ഇതുകൂടാതെ 32 എം.എൽ.എ.മാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.