കൊൽക്കത്ത: നേതാക്കന്മാരുടെ സൗന്ദര്യപ്പിണക്കം കൊണ്ട് വലയുന്ന പശ്ചിമ ബംഗാൾ ബി.ജെ.പി. ഘടകത്തിലേക്ക് ഒരു ഉന്നതൻ കൂടി. മേഘാലയ ഗവർണർ തഥാഗത് റോയിയാണ് പഴയ തട്ടകത്തിലിറങ്ങാൻ കച്ച മുറുക്കുന്നത്. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ പരസ്യമായി വിമർശിച്ചുകൊണ്ടാണ് റോയ് വരവറിയിച്ചിരിക്കുന്നത്.

മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന റോയ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സക്രിയമാകാനുള്ള താത്പര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഭാഗത്തു നിന്നുള്ള മുഖ്യമന്ത്രി മുഖങ്ങളിലൊന്നാവാനും റോയ് ഒരുങ്ങുന്നുവെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്. മേഘാലയ ഗവർണർ പദവിയുടെ കാലാവധി കഴിഞ്ഞുവെന്നും കോവിഡ് പശ്ചാത്തലത്തിൽ താൻ താത്കാലികമായി തുടരുന്നുവെന്നേയുള്ളൂ എന്നും റോയ് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പല പ്രസ്താവനകളും ബംഗാളികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്ന് റോയ് തുറന്നടിച്ചു. ‘‘ഗോമൂത്രവും ചാണകവും കഴിക്കുന്നതിനെപ്പറ്റിയുള്ള പരാമർശം, പശുവിൻപാലിൽനിന്ന് സ്വർണം കിട്ടുമെന്ന അവകാശവാദം തുടങ്ങിയ അറിവില്ലായ്മകൾ ബംഗാളികൾ ഇഷ്ടപ്പെടില്ല. ഞാനിങ്ങനെയൊന്നും പറയാറില്ല. പക്ഷേ, സാമൂഹിക മാധ്യമങ്ങളിൽ വസ്തുനിഷ്ഠമായി എതിരാളികളെ വിമർശിക്കുമ്പോൾ ‘‘പോയി ഗോമൂത്രം കൂടിക്കൂ, സ്വർണം തപ്പിക്കൊണ്ടു വരൂ’’ തുടങ്ങിയ പരിഹാസങ്ങളാണ് മറുപടിയായി കിട്ടുന്നത്- റോയ് പരിതപിച്ചു.