മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെയും അദ്ദേഹത്തിന്റെ മുൻമാനേജർ ദിശാ സാലിയാന്റെയും മരണവുമായി ബന്ധപ്പെടുത്തി തനിക്കെതിരേ നടക്കുന്ന അപവാദപ്രചാരണം തടയണമെന്നാവശ്യപ്പെട്ട് നടൻ സൂരജ് പാഞ്ചോലി മുംബൈ പോലീസിന് പരാതി നൽകി. സുശാന്തിന്റെയും ദിശയുടെയും മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന മട്ടിൽ ചില മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്ന ചിലരും പ്രചാരണം നടത്തുകയാണെന്ന് വെർസോവ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സൂരജ് പറയുന്നു.

ഈ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരേ നടപടിയെടുക്കണം എന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദിശാ സാലിയാന്റെ മരണത്തിനു പിന്നാലെയാണ് വ്യാജപ്രചാരണം തുടങ്ങിയതെന്ന് സൂരജ് പറയുന്നു. താൻ ദിശാ സാലിയാനൊപ്പം നിൽക്കുന്നത് എന്നു പറഞ്ഞ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ വ്യാജമാണെന്ന് സൂരജ് പറഞ്ഞു. ദിശയല്ല, കൂട്ടുകാരി അനുശ്രീ ഗൗറാണ് ചിത്രത്തിലുള്ളത്. ദിശയെ ഇതുവരെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. സുശാന്തിന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്താനും ചിലർ ശ്രമിക്കുന്നുണ്ട്. സിനിമാ താരങ്ങളായ ആദിത്യ പാഞ്ചോലിയുടെയും സറീനാ വഹാബിന്റെയും മകനായ സൂരജിനെ കൂട്ടുകാരി ജിയാ ഖാനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. സൂരജിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തെപ്പെട്ടെങ്കിലും കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. കേസിൽ കുടുങ്ങിയതുകാരണം തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാതായെന്ന് സൂരജ് പറഞ്ഞിരുന്നു.