ഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ. ബിരേൺ സിങ് സർക്കാർ വിശ്വാസവോട്ട് നേടിയ തിങ്കളാഴ്ചത്തെ നിയമസഭാ സമ്മേളനത്തിൽനിന്നു വിട്ടുനിന്ന കോൺഗ്രസ് എം.എൽ.എ.മാരിൽ ആറുപേർ സഭാംഗത്വം രാജിവെച്ചു. ഇവരുൾപ്പെടെ എട്ടു കോൺഗ്രസ് അംഗങ്ങളാണ് യോഗത്തിൽനിന്നു വിട്ടുനിന്നത്.

തിങ്കളാഴ്ച രാത്രി സമ്മേളനം അവസാനിച്ചതിനു പിന്നാലെ സ്പീക്കർ യുംനാം ഖേംചന്ദ് സിങ് ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. രാജിക്കത്ത് സ്പീക്കർ സ്വീകരിച്ചിട്ടില്ലെന്ന് എം.എൽ.എ.മാരിലൊരാളായ ഹെന്ററി സിങ് പറഞ്ഞു. പാർട്ടി അംഗത്വം രാജിവെച്ചതായും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സംസ്ഥാനത്ത് സർക്കാർ രൂപവത്‌കരിക്കാനാകാതായതോടെ പ്രതിപക്ഷനേതാവ് ഇബോബി സിങ്ങിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും എം.എൽ.എ.മാർ പറഞ്ഞു. തിങ്കളാഴ്ച ചേർന്ന നിയമസഭാസമ്മേളനത്തിൽ 16-നെതിരേ 28 വോട്ടുകൾക്കാണ് സർക്കാർ വിശ്വാസം നേടിയത്.