ചെന്നൈ: പെട്രോളടിക്കാൻ പണം തരാത്തതിന്, സ്കൂട്ടറിൽ ലിഫ്‌റ്റ്‌ ചോദിച്ച്‌ കയറിയയാളെ മർദിച്ചുകൊന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ കൊളത്തൂരിൽ കഴിഞ്ഞ നാലാംതീയതി പുലർച്ചെയായിരുന്നു സംഭവം. ബന്ധുവിനെ കാണാനായി കൊളത്തൂരിലെത്തിയ തിരുവണ്ണാമല സ്വദേശി എം. ശങ്കറാണ് (47) കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊളത്തൂർ അണ്ണൈ സത്യനഗർ സ്വദേശിയായ വി. ശശികുമാറാണ് (19) പിടിയിലായത്.

റോഡരികിൽ അജ്ഞാതമൃതദേഹംകണ്ട് കൊളത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തായത്. സംഭവത്തിൽ പോലീസ് പറയുന്നത്: നാലാം തീയതി പുലർച്ചെ രണ്ടോടെ മദ്യലഹരിയിൽ ശശികുമാർ സ്കൂട്ടറോടിച്ച് വരുമ്പോൾ റെട്ടേരിക്കടുത്തുവെച്ച് ശങ്കർ വാഹനം കൈകാണിച്ച് നിർത്തി, പോകുന്ന വഴിയിൽ ഇറക്കാമോ എന്ന് ചോദിച്ചു. അതുസമ്മതിച്ച ശശികുമാർ ശങ്കറിനെയും സ്‌കൂട്ടറിൽകയറ്റി ഓടിച്ചുപോയി. യാത്രയ്ക്കിടെ ശശികുമാർ പെട്രോളടിക്കാൻ നൂറുരൂപ വേണമെന്ന് ശങ്കറിനോട് ആവശ്യപ്പെട്ടു. എന്നാൽ, ലിഫ്റ്റ്‌ തന്നിട്ട് പണം ചോദിക്കുന്നോ എന്ന്‌ ശങ്കർ ദേഷ്യപ്പെട്ടു. തന്നെ ഇറക്കിവിട്ടേക്കാനും നടന്നുപൊയ്ക്കോളാമെന്നും ശങ്കർ പറഞ്ഞു. ലിഫ്റ്റ്‌ തരുന്നത് തന്റെ ജോലിയൊന്നുമല്ല, പെട്രോൾ ആര് അടിക്കുമെന്ന് ദേഷ്യപ്പെട്ട ശശികുമാർ പണം തന്നേതീരൂവെന്ന് പറഞ്ഞ് വാഹനം നിർത്തി. എന്നാൽ, ശങ്കർ പണം കൊടുക്കാൻ തയ്യാറാകാഞ്ഞതോടെ ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. അതിനിടെ ശശികുമാർ ശങ്കറിനെ മർദിച്ച് പിടിച്ചുതള്ളി. തലയടിച്ചു നിലത്തുവീണ ശങ്കറിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാഞ്ഞതോടെ ശ്രമമുപേക്ഷിച്ച് പോക്കറ്റിലുണ്ടായിരുന്ന ആയിരം രൂപയുമെടുത്ത് ശശികുമാർ സ്കൂട്ടറിൽ സ്ഥലംവിട്ടു. നിലത്തുവീണ ശങ്കർ മയങ്ങിക്കിടക്കുകയാണെന്നും കുറച്ചുകഴിയുമ്പോൾ എഴുന്നേറ്റു പോകുമെന്നാണ് കരുതിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

സംഭവസ്ഥലത്തേതുൾപ്പെടെ 45-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് കൊല്ലപ്പെട്ടയാളെയും പ്രതിയെയും തിരിച്ചറിഞ്ഞത്. പ്രതിയുടെ സ്കൂട്ടറും കൈവശമുണ്ടായിരുന്ന 500 രൂപയും പോലീസ് പിടിച്ചെടുത്തു. കൊലക്കേസ് ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.