ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ തിങ്കളാഴ്ച യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ചനടത്തും.

കോവിഡ് വ്യാപനം കൂടിയതോടെ സംസ്ഥാനത്ത് കൺടെയ്ൻമെന്റ് സോണുകളുടെ എണ്ണം 1106 ആയി വർധിപ്പിച്ചു. ശനിയാഴ്ചമുതൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുമുണ്ട്. പൊതുഇടങ്ങൾ, വാഹനങ്ങൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കാൻ ചില നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നു. ഇത് ഫലപ്രദമാകാത്തതിനെത്തുടർന്നാണ് കൂടുതൽ കർശനമായ നടപടികളെടുക്കാൻ നിർബന്ധിതമായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

1106 കൺടെയ്ൻമെന്റ് സോണുകളിലുള്ള എല്ലാവരെയും ആരോഗ്യവകുപ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ ദിവസവും അണുനശീകരണവും നടത്തുന്നു. കൺടെയ്ൻമെന്റ് സോണുകളിലേക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു.

ഒരു തെരുവിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ തെരുവ് കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തും. തുടർന്ന് ഏഴു ദിവസം പുതിയ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തില്ലെങ്കിലേ സോണിൽനിന്ന് ഒഴിവാക്കൂ.