ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്തകേസിൽ ശിക്ഷിക്കപ്പെട്ട മുൻ എം.എൽ.എ. കുൽദീപ് സിങ് സേംഗറുടെ ഭാര്യ സംഗീതയെ തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിൽനിന്ന് ബി.ജെ.പി. പിന്മാറി. ഉന്നാവിലെ ഫത്തേപുർ ചൗരസിയിലെ 22-ാം വാർഡിലെ ജില്ലാപഞ്ചായത്ത് സ്ഥാനാർഥിയായി സംഗീതയുടെ പേര് ബി.ജെ.പി. നേരത്തേ പുറത്തുവിട്ട പട്ടികയിലുണ്ടായിരുന്നു.

പാർട്ടി സംസ്ഥാനാധ്യക്ഷൻ സ്വതന്ത്രദേവ് സിങ്ങാണ് തീരുമാനം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയത്. മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ യോഗ്യരായ മൂന്നുപേരുടെ പട്ടിക സമർപ്പിക്കാൻ പാർട്ടിയുടെ ജില്ലാപ്രസിഡന്റിനോട്‌ നിർദേശിച്ചതായി സിങ് അറിയിച്ചു. ജില്ലാപഞ്ചായത്ത് അധ്യക്ഷയായിരുന്നു സംഗീത. നാലുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ 15-നാണ്. ഏപ്രിൽ 26-നാണ് ഉന്നാവിൽ വോട്ടെടുപ്പ്.‌

17-കാരിയായ പെൺകുട്ടിയെ ബലാത്സംഗംചെയ്തതിന് 2019 ഡിസംബർ 20-നാണ് ഡൽഹി ഹൈക്കോടതി കുൽദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് കുൽദീപിന്റെ എം.എൽ.എ. സ്ഥാനം നഷ്ടമായിരുന്നു.