മൈസൂരു: കോവിഡ് വ്യാപനത്തെത്തുടർന്ന് മൈസൂരു കൊട്ടാരത്തിലെ ദീപാലങ്കാരവും ലൈറ്റ് ആൻഡ് സൗണ്ട് ഷോയും താത്കാലികമായി നിർത്തി. ദീപാലങ്കാരം മേയ് രണ്ടുവരെയും ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഏപ്രിൽ 30-വരെയുമാണ് നിർത്തിയത്.

സന്ദർശകർ വൻതോതിൽ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിനാണ് നടപടിയെന്ന് മൈസൂരു കൊട്ടാരം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ദീപാലങ്കാരം കാണാൻ നാലായിരത്തോളം പേർ കൊട്ടാരപരിസരത്തെത്താറുണ്ട്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽപേർ ഒത്തുകൂടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തൽ.

ഉഗാദിയുടെ ഭാഗമായി നടത്താറുള്ള സംഗീതോത്സവം ഒഴിവാക്കാനും കൊട്ടാരം ബോർഡ് തീരുമാനിച്ചു. കൊട്ടാരം സന്ദർശിക്കുന്നതിന് വിലക്കില്ല. ദിവസവും രാവിലെ 10 മുതൽ വൈകീട്ട്‌ അഞ്ചുവരെ കൊട്ടാരംസന്ദർശിക്കാം.