മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾവെച്ച സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചിൽ അസിസ്റ്റന്റ് ഇൻസ്പെക്ടറായിരുന്ന റിയാസ് കാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഞായറാഴ്ച അറസ്റ്റു ചെയ്തു. സ്ഫോടകവസ്തുക്കൾ വെച്ച സംഭവത്തിലും വാഹന ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ടസംഭവത്തിലും തെളിവുകൾ നശിപ്പിക്കുന്നതിന് മുഖ്യപ്രതി സച്ചിൻ വാസേയ്ക്ക് സഹപ്രവർത്തകനായിരുന്ന കാസിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.

മുംബൈ ക്രൈംബ്രാഞ്ചിൽനിന്ന് കഴിഞ്ഞമാസം സസ്പെൻഡ് ചെയ്ത കാസിയെ എൻ.ഐ.എ. പലവട്ടം ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച വീണ്ടും ചോദ്യംചെയ്യാനായി വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ചതന്നെ പ്രത്യേക അവധിക്കാലകോടതിയിൽ ഹാജരാക്കിയ കാസിയെ ഏപ്രിൽ 16 വരെ എൻ.ഐ.എ. കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അംബാനി വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾ വെച്ച സംഭവവുമായും മൻസുഖ് ഹിരേനിന്റെ മരണവുമായും ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ പോലീസുകാരനാണ് കാസി. സച്ചിൻവാസേയും സസ്പെൻഷനിലുള്ള കോൺസ്റ്റബിൾ വിനായക് ഷിന്ദേയും നേരത്തേ അറസ്റ്റിലായിരുന്നു. മുംബൈ പോലീസിന്റെ ക്രൈം ഇന്റലിജൻസ് യൂണിറ്റിൽ സച്ചിൻ വാസേയ്ക്കൊപ്പം പ്രവർത്തിച്ചിരുന്ന കാസി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തയ്യാറാക്കുന്ന ഒരുസ്ഥാപനത്തിൽ ചെല്ലുന്നതിന്റെ വീഡിയോദൃശ്യം എൻ.ഐ.എ. യ്ക്ക് കിട്ടി. ഇതേ സ്ഥാപനത്തിന്റെയും സച്ചിൻ വാസേ താമസിക്കുന്ന കെട്ടിടത്തിലെയും സി.സി.ടി.വി. റെക്കോഡുകൾ കാസിയുടെ നേതൃത്വത്തിൽ കൊണ്ടുപോയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം തെളിവ്‌ നശിപ്പിക്കുന്നതിനായിരുന്നു എന്നാണ് കരുതുന്നത്.

മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിനെയും ഏറ്റുമുട്ടൽ വിദഗ്ധനായിരുന്ന പ്രദീപ് ശർമയേയും കഴിഞ്ഞദിവസം എൻ.ഐ.എ. ചോദ്യം ചെയ്തിരുന്നു. അംബാനിയുടെ വസതിക്കുമുന്നിൽ വെക്കാനുള്ള സ്ഫോടക വസ്തുക്കൾ ശേഖരിച്ചത് പ്രദീപ് ശർമയാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യം എൻ.ഐ.എ. സ്ഥിരീകരിച്ചിട്ടില്ല. അഴിമതിക്കേസുകളിൽപ്പെട്ട് ഏറെക്കാലം സസ്പെൻഷനിലായിരുന്ന പ്രദീപ് ശർമ രണ്ടുവർഷംമുമ്പ് പോലീസിൽനിന്ന് രാജിവെച്ചശേഷം ശിവസേനയിൽ ചേർന്നയാളാണ്.