സൂറത്ത്: കഠുവയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം നടുങ്ങിയിരിക്കേ സൂറത്തില്‍ കൊടുംപീഡനത്തെത്തുടര്‍ന്ന് 11-കാരി കൊല്ലപ്പെട്ട വാര്‍ത്ത ശനിയാഴ്ച പുറത്തുവന്നു. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ശരീരത്തില്‍ 86-ല്‍പരം മുറിവുകളുമായി 11 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതായി എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ടുചെയ്തത്.
 
ഭെസ്താന്‍ മേഖലയിലെ ക്രിക്കറ്റ് ഗ്രൗണ്ടിനോടുചേര്‍ന്നുള്ള റോഡില്‍ ഏപ്രില്‍ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. മുറിവുകളില്‍ പലതിനും ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.

പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ശരീരഭാഗങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മരംകൊണ്ടുള്ള ആയുധമുപയോഗിച്ചുള്ള മുറിവുകളാണ് ഭൂരിഭാഗവുമെന്ന് സൂറത്തിലെ സിവില്‍ ആശുപത്രിയിലെ ഫൊറന്‍സിക് തലവന്‍ ഗണേഷ് ഗോവെകാര്‍ പറഞ്ഞു.