ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ തിങ്കളാഴ്ച പ്രാബല്യത്തിൽവന്നു. പൊതുഗതാഗതത്തിനടക്കം നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ ചെന്നൈ അടക്കം പ്രധാന നഗരങ്ങൾ വിജനമായിരുന്നു. സ്വകാര്യ ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ആശുപത്രികൾ, മരുന്നുകടകൾ, പെട്രോൾബങ്കുകൾ എന്നിവ സാധാരണപോലെ പ്രവർത്തിച്ചു.

വൈദ്യുതി, ആരോഗ്യം, ജലസേചനം, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട ഓഫീസുകൾ ഒഴികെയുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചില്ല. ചെന്നൈയിൽ മെട്രോ തീവണ്ടി സർവീസുകൾ 25 വരെ നിർത്തിവെച്ചിരിക്കുകയാണ്. സബർബൻ തീവണ്ടി സർവീസുകളിൽ യാത്രചെയ്യാൻ സർക്കാർജീവനക്കാർ, ആരോഗ്യപ്രവർത്തകർ, റെയിൽവേ ജീവനക്കാർ തുടങ്ങിയ അവശ്യസേവനവിഭാഗങ്ങളിൽ ജോലിചെയ്യുന്നവർക്കേ അനുമതിയുള്ളൂ. ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിക്കുന്നവരെ പിടികൂടാൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുന്നുണ്ട്. എന്നാൽ, ജനങ്ങൾക്കെതിരേ ബലപ്രയോഗം പാടില്ലെന്ന് സർക്കാർ നിർദേശമുണ്ട്. 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.