ചെന്നൈ: സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിക്ക് കോവിഡ്. ഞായറാഴ്ച രാത്രി അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ ഉൾപ്പെടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത 40-ഓളം പേർ ക്വാറന്റീനിലായി.

എൻ.ആർ. കോൺഗ്രസ് സ്ഥാപകനേതാവുകൂടിയായ രംഗസാമി രോഗലക്ഷണങ്ങളെത്തുടർന്ന് ഞായറാഴ്ച പുതുച്ചേരി ഇന്ദിരാഗാന്ധി സർക്കാർ ആശുപത്രിയിൽ പരിശോധന നടത്തുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ഒരുക്കാൻ അദ്ദേഹം തന്നെയാണ് നിർദേശിച്ചത്. രംഗസാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ചയാണ് രംഗസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.