ന്യൂഡൽഹി: കുറച്ചുദിവസംകൊണ്ട് 17 കോടിയിലേറെ കോവിഡ് വാക്സിൻ ഡോസ് നൽകിയ രാജ്യമായി ഇന്ത്യമാറിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 114 ദിവസമെടുത്താണ് ഇന്ത്യ ഈ നേട്ടമുണ്ടാക്കിയത്. ഇത്രയുംപേർക്ക് വാക്സിൻ നൽകാൻ ചൈന 119-ഉം അമേരിക്ക 115-ഉം ദിവസമാണെടുത്തത്. 17,01,76,603 ഡോസ് വാക്സിനാണ് ഇന്ത്യ നൽകിയത്.

ജനുവരി 16-നാണ് ഇന്ത്യയിൽ പ്രതിരോധകുത്തിവെപ്പ് തുടങ്ങിയത്. ഇപ്പോൾ ഇത് മൂന്നാംഘട്ടത്തിലാണ്. 18-44 പ്രായത്തിലുള്ള 2,46,269 പേർക്ക് തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ആദ്യ ഡോസ് വാക്സിൻ നൽകി. കേരളത്തിൽ 209 പേരാണ് വാക്സിനെടുത്തത്. ഈ പ്രായക്കാരുൾപ്പെടെ 20,31,854 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് വാക്സിൻ നൽകിയത്.